വാഷിംഗ്ടൺ ഡിസി: ദൈവപുത്രനെ ഗർഭം ധരിക്കാനുള്ള പരിശുദ്ധ കന്യക മറിയത്തിന്റെ തീരുമാനം മനുഷ്യരാശിയുടെ ഗതിയെ എന്നെന്നേക്കുമായി മാറ്റിമറിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെ മധ്യസ്ഥകൂടിയായ അമലോത്ഭവ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് കഴിഞ്ഞ എട്ടിനു പുറത്തിറക്കിയ സന്ദേശത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
ചരിത്രത്തിലാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് അമലോത്ഭവ തിരുനാളിനോടനുബന്ധിച്ച് സന്ദേശം പുറത്തിറക്കുന്നത്. “എല്ലാ അമേരിക്കക്കാരും ഡിസംബർ എട്ടിന് യേശുവിന്റെ അമ്മയും ബൈബിളിലെ ഏറ്റവും വലിയ വ്യക്തികളിൽ ഒരാളുമായ മറിയത്തിന്റെ വിശ്വാസം, വിനയം, സ്നേഹം എന്നിവയെ ആദരിക്കുന്ന ഒരു വിശുദ്ധ ദിനമായി ആഘോഷിക്കുന്നു.
അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാമത് മഹത്തായ വർഷത്തിലേക്ക് നാം അടുക്കുമ്പോൾ, രാജ്യത്തു സമാധാനം, പ്രത്യാശ, സ്നേഹം എന്നിവ മുന്നോട്ടുകൊണ്ടുപോകുന്നതിൽ കന്യകാമറിയത്തിന്റെ പങ്കിനെ പൂർണഹൃദയത്തോടെ അംഗീകരിക്കുകയും നന്ദി പറയുകയും ചെയ്യുന്നു’’- ട്രംപ് സന്ദേശത്തില്‍ കുറിച്ചു.
1792ൽ വിപ്ലവയുദ്ധം അവസാനിച്ച് ഒരു ദശാബ്ദത്തിനുള്ളിൽ, അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനത്തിൽ ഒപ്പുവച്ച ഏക കത്തോലിക്കനായ ചാൾസ് കരോളിന്റെ ബന്ധുവും അമേരിക്കയിലെ പ്രഥമ കത്തോലിക്കാ ബിഷപ്പുമായ ജോൺ കരോൾ രാഷ്ട്രത്തെ പരിശുദ്ധ ദൈവമാതാവിന് സമർപ്പിച്ചിരുന്നു.
കാൽ നൂറ്റാണ്ടിനുള്ളിൽ ന്യൂ ഓർലിയൻസിലെ ക്ലൈമാക്സ് യുദ്ധത്തിൽ ബ്രിട്ടീഷുകാർക്കെതിരേ ജനറൽ ആൻഡ്രൂ ജാക്സൺ നേടിയ അത്ഭുതകരമായ വിജയം ദൈവമാതാവിന്റെ ഇടപെടലാണെന്ന് അമേരിക്കക്കാർ വിശ്വസിക്കുന്നുണ്ടെന്നും ട്രംപ് അനുസ്മരിച്ചു.
വിശ്വാസികൾക്ക് പ്രത്യാശയുടെയും കൃപയുടെയും പ്രചോദനത്തിന്റെയും പ്രതീകമായി ദൈവമാതാവ് നിലകൊള്ളുകയാണെന്നും മറിയത്തിന്റെ വിശ്വാസം, വിനയം, സ്നേഹം എന്നിവ ബഹുമാനിക്കപ്പെടേണ്ട പുണ്യങ്ങളാണെന്നും ട്രംപ് പറഞ്ഞു.
എലിസബത്ത് ആൻ സെറ്റൺ, ഫ്രാൻസിസ് സേവ്യർ കാബ്രിനി, ഫുൾട്ടൺ ഷീൻ തുടങ്ങിയ അമേരിക്കൻ ഇതിഹാസങ്ങൾ മറ്റുള്ളവരുടെ സേവനത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുന്നതിനായി ജീവിതം ചെലവഴിച്ചിട്ടുണ്ടെന്നും കാലങ്ങളായി ദൈവമാതാവിനോട് ആഴമായ ഭക്തി പുലർത്തുന്നുണ്ടെന്നും ട്രംപ് സന്ദേശത്തില്‍ കുറിച്ചു.
‘നന്മ നിറഞ്ഞ മറിയമേ..’എന്ന പ്രാർഥനയോടെയാണു ട്രംപിന്റെ സന്ദേശം സമാപിക്കുന്നത്. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വെബ്സൈറ്റിലും നവമാധ്യമങ്ങളിലും സന്ദേശം പങ്കുവച്ചിട്ടുണ്ട്. മാതാവിന്റെ അമലോത്ഭവ തിരുനാൾദിനമായ ഡിസംബർ എട്ട് അമേരിക്കയിലെ ക്രൈസ്തവസ്ഥാപനങ്ങൾക്ക് അവധിദിനമാണ്.
ജോൺ എഫ്. കെന്നഡി, ജോ ബൈഡൻ തുടങ്ങിയ കത്തോലിക്കരായ പ്രസിഡന്റുമാരിൽനിന്നുപോലും ഉണ്ടാകാത്ത ഒരു സന്ദേശം പ്രോട്ടസ്റ്റന്റ് വിഭാഗമായ പ്രെസ്ബിറ്റേറിയൻ സഭയിൽപ്പെട്ട ട്രംപിൽനിന്നുണ്ടായത് അമേരിക്കയിലെ കത്തോലിക്കാവിശ്വാസികൾക്കിടയിൽ ചർച്ചാവിഷയമായിക്കഴിഞ്ഞു.